ആനകളുടെ സവിശേഷതകളും
പ്രത്യേക പരിപാലനരീതികളും

കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്ക് ഒട്ടേറെ പ്രത്യകതകളുണ്ട്. ഇത്തരം സവിശേഷതകളറിഞ്ഞുകൊണ്ട് അവലംബിക്കുന്ന പരിപാലനരീതികള്‍ അവയ്ക്ക് കൂടുതല്‍ സുഖം പ്രദാനം ചെയ്യും. അവയുടെ ജീവിതരീതിക്കനുയോജ്യമായ പരിപാലനരീതികള്‍ സ്വീകരിച്ചാല്‍ ആനകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനും ആനയിടഞ്ഞുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും കഴിയും.

കാട്ടിലാണെങ്കില്‍ ആനകള്‍ ഇരുപത് മണിക്കൂറോളം തീറ്റയെടുക്കാറുണ്ട്. അതുപോലെ നാട്ടിലും അവയ്ക്ക് ആവശ്യത്തിന് തീറ്റ നൽകണ൦. തെങ്ങിന്‍റെ ഓലയും പനമ്പട്ടയും ആണ് സാധാരണ നല്‍കാറുള്ളത്. തീറ്റ പരിമിതപ്പെടുതുന്നതിനും ദീര്‍ഘനേരം ആഹാരം കൊടുക്കാതെയിരിക്കുന്നതും ആനകള്‍ക്ക് ഇഷ്ടക്കേട് ഉണ്ടാക്കും. ആനയ്ക്ക് ഇഷ്ടമനുസരിച്ച് വെള്ളം കൊടുക്കുവാന്‍ ശ്രദ്ധിക്കണം. ഏകദേശം 250 ലിറ്ററിലധികം വെള്ളം പ്രായപൂര്‍ത്തിയായ ആനയ്ക്ക് ആവശ്യമുണ്ട്. കുടിക്കുവാനായ് കൊടുക്കുന്ന വെള്ളത്തിന്‍റെ ശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്. ആനകള്‍ കിലോമീറ്ററുകള്‍ നടക്കുന്ന ഒരു ജീവിയായതുകൊണ്ട് ഒരു സ്ഥലത്തുതന്നെ തളച്ചിടുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ഉത്സവസമയങ്ങളില്‍ ഒരു സ്ഥലത്തുതന്നെ നിര്‍ത്തുവാന്‍ ശ്രമിക്കുന്നത് ആനകള്‍ക്ക് ഇഷ്ടക്കേടുണ്ടാക്കും.

ആനകള്‍ കൂട്ടംകൂടി നടക്കുവാന്‍ താല്‍പര്യപ്പെടുന്ന വന്യജീവിയാണ്. അതുകൊണ്ടുതന്നെ അവയെ ഒറ്റയ്ക്ക് ദീര്‍ഘനാള്‍ കെട്ടിയിടുന്നത് ആശാസ്യമല്ല. വിവേകബുദ്ധിയുള്ള മനുഷ്യന്‍ ആന ഒരു വന്യമൃഗമാണ് എന്നറിഞ്ഞത്കൊണ്ട് കൈകാര്യം ചെയ്താല്‍ ഒട്ടുമിക്ക അനിഷ്ട സംഭവങ്ങളും ഒഴിവാക്കാം. ആനകളെ ആവശ്യത്തിന് ചങ്ങലകളിട്ട്‌ ബന്തവസ്സ് ചെയ്തുവേണം കൊണ്ടുനടക്കേണ്ടതും ദീര്‍ഘനേരം നിര്‍ത്തേണ്ടതും. ആനകള്‍ക്ക് നല്‍കുന്നതിനെ അപേക്ഷിച്ച് കിടക്കുമ്പോള്‍ ഹൃദയമിടിപ്പ് കൂടുതലാണ്. അതുകൊണ്ട് അവയ്ക്ക് ദീര്‍ഘനേരം നില്‍ക്കുന്നതാണ് ആയാസരഹിതം. ആരോഗ്യമുള്ള ആന ഏകദേശം 2 മണിക്കൂറോളം സുഖമായ് കിടന്നുറങ്ങാറുണ്ട്. കിടന്നിട്ട് എഴുന്നേല്‍ക്കുവാനുള്ള ബുദ്ധിമുട്ട് ആനയുടെ മോശമായ ആരോഗ്യത്തിന്‍റെ ലക്ഷണമാണ്.

നല്ല ശ്രവണശക്തിയുള്ള മൃഗമാണ് ആന. മനുഷ്യന് കേള്‍ക്കാന്‍ പറ്റാത്ത ഇന്‍ഫ്രാസോണിക് തരംഗങ്ങള്‍ വഴി ആനകള്‍ക്ക് അന്യോന്യം ആശയവിനിമയം നടത്തുവാന്‍ കഴിയും. ഭൂമിയിലെ പ്രതലത്തിലൂടെ ശബ്ദതരംഗങ്ങള്‍ വഴി കാല്‍പാദങ്ങളിലൂടെ സംവേദിക്കാനുള്ള കഴിവും ആനയ്ക്കുണ്ട്. ഉച്ചത്തിലുള്ള ശബ്ദങ്ങളും, തീക്ഷ്ണമായ പ്രകാശവും തീയും ആനകള്‍ക്ക് അസ്സഹനീയമാണ്. ഇവ ഉപയോഗിച്ച് കാട്ടാനകളെ ഓടിക്കുവാന്‍ സാധിക്കും. നാട്ടിലെ ആനകള്‍ ഇവ പരിച്ചയിചിട്ടുള്ളതിനാല്‍ ഇത്തരത്തില്‍ പിന്തിരിപ്പിക്കുവാന്‍ സാധ്യമല്ല. എന്നാല്‍ എഴുന്നള്ളിപ്പ് സമയങ്ങളില്‍ വളരെ സമീപത്തുള്ള ശബ്ദങ്ങളും, തീയും, വെളിച്ചവും അവയെ പ്രകോപിതരക്കുവാന്‍ സാധ്യതയുണ്ട്.

ആനയ്ക്ക് പൊതുവേ കാഴ്ചശക്തി കുറവാണ്. ആനയുടെ വളരെ സമീപത്തുള്ളകാര്യങ്ങള്‍ ഒരു കണ്ണുകൊണ്ടുമാത്രമേ കാണുവാന്‍ സാധിക്കുന്നുള്ളൂ എന്നതിനാല്‍ അവയ്ക്ക് അടുത്തുനില്‍ക്കുന്ന വസ്തുക്കളുടെ ദൂരം കൃത്യമായ് നിര്‍വ്വചിക്കുവാന്‍ സാധിക്കുന്നില്ല. ഇതുവഴി ആനയുടെ ആക്രമണങ്ങളില്‍നിന്നും രക്ഷപ്പെടുവാന്‍ വളരെ അടുത്തുനില്‍ക്കുന്നവര്‍ക്ക് സാധിക്കാറുണ്ട്. രാത്രികാലങ്ങളില്‍ ഇരുണ്ട വെളിച്ചത്തില്‍ കാഴ്ചശക്തി വീണ്ടും വളരെ കുറയുന്നു. ഇത് മനസ്സിലാക്കി വെളിച്ചം നല്‍കുകയോ നിയന്ത്രിക്കുകയോ ചെയ്ത് ആനയുടെ ശ്രദ്ധ തിരിക്കാവുന്നതാണ്.

ആനയ്ക്ക് നല്ല ഘ്രാണശക്തിയുണ്ട്. ആയതിനാല്‍ മണം പിടിച്ച് ആരാണ് അടുത്തുള്ളത് എന്ന്‍ ആനയ്ക്ക് നിര്‍ണ്ണയിക്കാന്‍ കഴിയും. ഇതിന് തുമ്പിക്കൈയും അണ്ണാക്കിലെ പ്രത്യേക ഭാഗവും ഉപയോഗപ്പെടുത്തുന്നു. ആനകളുടെ ശരീര ഊഷ്മാവ് മനുഷ്യരുടെതിനെക്കാള്‍ ഏകദേശം 20F കുറവാണ്. കൂടാതെ അവയ്ക്ക് വിയര്‍പ്പുഗ്രന്ഥികള്‍ വളരെ കുറവാണ്. കറുത്തനിറം കൂടുതല്‍ ചൂട് വലിച്ചെടുക്കുന്നു. ആയതിനാല്‍ മനുഷ്യരേക്കാള്‍ ചൂട് സഹിക്കുവാന്‍ ആനകള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ചെവിയാട്ടുന്നത് വഴിയും, മലമൂത്രവിസ്സര്‍ജ്ജനം നടത്തുന്നതുവഴിയും, ശരീരത്തില്‍ ചെളിയും മണ്ണും വാരിയിട്ടുമാണ് അവ ശരീര ഊഷ്മാവ് കുറയ്ക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടാനകള്‍ക്ക് കുളി അത്യന്താപേക്ഷിതമാണ്. അവയെ കെട്ടിയിടുമ്പോഴും വഴി നടത്തുമ്പോഴും തണലുള്ള ഭാഗങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.

ആനകളുടെ കാലിലെ എല്ലുകളുടെ പ്രത്യേകതകള്‍ കൊണ്ട് ചാടുവാന്‍ സാധ്യമല്ല. മേല്‍ചുണ്ടും മൂക്കും ചേര്‍ന്ന തുമ്പിക്കൈ ഉള്ളതിനാല്‍ വളരെ ദൂരെയുള്ള വസ്തുക്കള്‍ വരെ എത്തിപ്പിടിക്കുവാന്‍ അവയ്ക്ക് കഴിയുന്നു. മനുഷ്യരെ അപേക്ഷിച്ച് വെള്ളത്തില്‍ അവയ്ക്ക് കൂടുതല്‍ മെയ് വഴക്കം സാധ്യമാണ്. ഇത്തരം പ്രത്യേകതകളറിഞ്ഞുവേണം ഇത്തരം സ്ഥലങ്ങളില്‍ ആനയോട് അടുത്ത് ഇടപെടുന്നവര്‍ പെരുമാറേണ്ടത്.

പ്രായപൂര്‍ത്തിയായ ആണാനകള്‍ക്കുള്ള ആരോഗ്യകരമായ പ്രതിഭാസമാണ് മദപ്പാട്. ഈ കാലഘട്ടത്തില്‍ അവയ്ക്ക് വളരെ വ്യത്യസ്തമായ സ്വാഭാവരീതികള്‍ ഉണ്ടാവാറുണ്ട്. ഏകദേശം 3 ആഴ്ച മുതല്‍ 3 മാസം വരെ നീണ്ടുനില്‍ക്കുന്ന മദപ്പാട്ക്കാലത്ത് ആനകള്‍ കൂട്ടങ്ങളില്‍നിന്നും പാപ്പാന്മാരില്‍നിന്നും ഒഴിഞ്ഞ് കഴിയുവാന്‍ പൊതുവേ ഇഷ്ടപ്പെടുന്നു. പെട്ടന്ന് പ്രകോപിതനാകുവാന്‍ സാധ്യതയുള്ളതിനാല്‍ മദപ്പാടിലുള്ള ആനകളെ വളരെ കരുതലോടെ വേണം കൈകാര്യം ചെയ്യേണ്ടത്. മദപ്പാടിലുണ്ടാകുന്ന മദരസവും, ദുര്‍ഗന്ധവും മറ്റ് ആനകളെ ഭയചകിതരാക്കുകയും അവയെ പ്രക്ഷുബ്ധരാക്കുകയും ചെയ്യുന്നു. ഇത്തരം കാരണങ്ങളാല്‍ മടപ്പാടിലുള്ള ആനകളെ പ്രത്യേകം മാറ്റി നിര്‍ത്തി പ്രത്യേക പരിചരണം നല്‍കേണ്ടതാണ്.

*************